10:56am 04 September 2026
NEWS
ഗാസയിൽനിന്ന് പലസ്തീനികളെ പുറത്താക്കാൻ പദ്ധതി; ആറുവർഷത്തിനകം 20 ലക്ഷം പേരെ മാറ്റുമെന്ന് ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി
04/09/2026  06:39 AM IST
nila
ഗാസയിൽനിന്ന് പലസ്തീനികളെ പുറത്താക്കാൻ പദ്ധതി; ആറുവർഷത്തിനകം 20 ലക്ഷം പേരെ മാറ്റുമെന്ന് ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി

ടെൽ അവീവ്: ഗാസ മുനമ്പിൽനിന്ന് പലസ്തീനികളെ വിദേശരാജ്യങ്ങളിലേക്ക് മാറ്റുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ച് ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ. വരാനിരിക്കുന്ന ഇസ്രയേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പുതിയ നിർദേശം അവതരിപ്പിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ആദ്യ വർഷം 2.5 ലക്ഷം പലസ്തീനികളെ ഗാസയിൽനിന്ന് മാറ്റാനാണ് ലക്ഷ്യമിടുന്നത്. തുടർന്ന് അടുത്ത ആറുവർഷത്തിനിടെ ഗാസയിലെ ശേഷിക്കുന്ന ഏകദേശം 20 ലക്ഷം പേരെയും ഘട്ടംഘട്ടമായി മാറ്റുമെന്നും ബെൻ ഗ്വിർ അവകാശപ്പെട്ടു.

ഗാസയിൽനിന്നുള്ളവരെ സ്വീകരിക്കാൻ ചില വിദേശരാജ്യങ്ങൾ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഏതൊക്കെ രാജ്യങ്ങളാണ് ഇതിനായി തയ്യാറായിരിക്കുന്നതെന്ന് വ്യക്തമാക്കാൻ ബെൻ ഗ്വിർ തയ്യാറായില്ല. ഗാസക്കാരുടെ കുടിയേറ്റം പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും പദ്ധതി പ്രായോഗികമാണെന്നും ബെൻ ഗ്വിർ പറഞ്ഞു. അതേസമയം, ജനങ്ങളെ അവരുടെ സ്വന്തം മണ്ണിൽനിന്ന് നിർബന്ധപൂർവം പുറത്താക്കുകയല്ല പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം അവകാശപ്പെട്ടു.

അടുത്ത സർക്കാർ രൂപീകരിക്കുമ്പോൾ ഗാസക്കാരുടെ കുടിയേറ്റം ഏകോപിപ്പിക്കുന്നതിനായി പ്രത്യേക കുടിയേറ്റ മന്ത്രാലയം രൂപീകരിക്കണമെന്നും ബെൻ ഗ്വിർ ആവശ്യപ്പെട്ടു. ഏകദേശം ഒന്നര വർഷം കൊണ്ടാണ് 20 പേജുള്ള പദ്ധതി തയ്യാറാക്കിയതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഇസ്രയേൽ–പലസ്തീൻ സംഘർഷത്തിന് അന്തിമപരിഹാരം മുന്നോട്ടുവയ്ക്കുന്നതാണ് പദ്ധതിയെന്നും ബെൻ ഗ്വിർ അവകാശപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img